April 2006, Volume 3 .

 

പള്ളിക്കൂടം ശില്‍പശാല‌
 

പള്ളിക്കൂടം എന്നത്‌ അനന്ന്യമായ ഒരു സാഹിത്യാനുഭവമാണ്‌. സൌദി അറാബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഏതാനും ചില സാഹിത്യസ്നേഹികളുടെ കൂട്ടായ്മയാണ്‌ പള്ളിക്കൂടം. മറ്റു പല മലയാളി സംഘടനകളില്‍ നിന്ന്‌ ഈ കൂട്ടായ്മയെ വ്യതിരിക്തമാക്കുന്ന ധാരാളം സംഗതികളുണ്ട്‌. പള്ളിക്കൂടത്തിന്‌ ഒരു സംഘടനയുടെ സ്വഭാവമോ സംഘടനാപരമായുണ്ടാകുന്ന ധാരാളം ശീലക്കേടുകളോ പ്രസിഡെന്റ്‌, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളോ ഇല്ല. പള്ളിക്കൂടത്തിന്‍ ഒരു പ്രധാനാദ്ധ്യാപകനും ഒരു മൊണിറ്ററും മാത്രമേ കര്യനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളൂ. മെമ്പര്‍ഷിപ്പില്ല, അംഗത്വഫീസില്ല, പള്ളിക്കൂടം ഫണ്ട്‌ ശേഖരണം നടത്തുന്നില്ല. പള്ളിക്കൂടത്തില്‍ വരുന്ന ആര്‍ക്കും മറ്റേതു സംഘടനയിലും അംഗമകുന്നതിനും യാതൊരു തടസ്സ്വുമില്ല. സഹിത്യവും സാഹിത്യ അനുബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള സഹിത്യ പ്രേമികളുടെ വെറും ഒരു കൂട്ടയ്മ മാത്രമാണിത്‌. സമൂഹത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളിലൊന്നുന്നും സംഘടന എന്ന നിലയില്‍ പള്ളിക്കൂടം ഇടപെടുന്നില്ല. അത്തരം പ്രശ്നങ്ങളില്‍ മറ്റുവേദികളില് കയറിനിന്നു പള്ളിക്കൂടത്തിന്റേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുമില്ല. വാര്‍ത്തകളുണ്ടാകാന്‍ ശ്രമിക്കുന്നതിനു പകരം വാര്‍ത്തയാവാന്‍ പ്രയത്നിക്കുകയാണ് പള്ളീക്കൂടം ചെയ്യുന്നത്‌. അതിന്റെ മാസികാ കൂടിച്ചേരലുകള്‍ക്ക്‌ ഔദ്യോഗികമായ ക്ഷണങ്ങളുണ്ടാവുന്നില്ല. അനൌപചാരികമായ കേവലം അറിയിപ്പുകള്‍ മത്രമേയുള്ളൂ. എന്നുവരികിലും പള്ളിക്കൂടത്തിലേ വിദ്യാര്‍ഥികളധികവും എല്ലാ ഓരോ കൂടിച്ചേരലുകളിലും സന്നിഹിതരാകാറുണ്ട്‌. ചുരുക്കത്തില്‍ മറ്റു വിവേചനങ്ങളൊന്നുമില്ലതെ ആര്‍ക്കും എപ്പോഴും പങ്കെടുക്കവുന്ന സാഹിത്യത്തിനു വേണ്ടിമാത്രം നിലനില്‍ക്കുന്ന ഒരു പൊതു ഇടമാണു പള്ളിക്കൂടം. സമൂഹം ഘടകങ്ങളായി വികാസം പ്രാപിക്കാന്‍ ശ്രമിക്കുന്ന ഉത്തരാധുനിക കാലഘട്ടത്തില്‍ സാഹിത്യത്തെ പരിപോഷിപ്പിച്ചു നിര്‍ത്തുന്നതിനുള്ള ഒരു എളിയ ശ്രമവും തികച്ചും വ്യതിരിക്തമായ ഒരുസംസ്കാരം രൂപപ്പെടുത്തി എടുക്കലുമാണ് പള്ളിക്കൂടം നിര്‍വഹിക്കുന്നത്‌. സാഹിത്യപരമായ കഴിവുകളെ അതെന്തായലും ശരിയായരീതിയില്‍ തെളിയിച്ചെടുക്കാനും സാഹിത്യത്തെ ഗൌരവമായരീതിയില് വായിച്ചെടുക്കുന്നതിനും വായനക്കാരനെ പ്രാപ്തമാകാനും സങ്കേതങ്ങളേപറ്റിയും ഘടനകളേപറ്റിയും അവബോധം വളര്‍ത്താനും അഭിപ്രായ ഭിന്നതകളെ അതായി തന്നെ നിലനിര്‍ത്തിക്കൊണ്ട്‌ എന്നാല്‍ ഭംഗിയായരീതിയില്‍ അവതരിപ്പിക്കുന്നതിനു അംഗങ്ങളെ പ്രപ്തമാക്കുക എന്നതുമൊക്കെയാണ്‌ പള്ളിക്കൂടം ലക്ഷ്യമിടുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ പള്ളിക്കൂടത്തിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

വര്‍ഷം തോറും പള്ളിക്കൂടം ശില്‍പശാലകള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇത്തവണത്തെ ശില്‍പശാല നോവല്‍ സാഹിത്യത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ രണ്ടു തവണത്തേതില് നിന്നും ഇത്തവണത്തെ ശില്‍പശാല പലതുകൊണ്ടും വേറിട്ടു നിന്നു. സാധാരണ ഈധ്‌ അവധി ദിവസങ്ങളിലായിരുന്നു പള്ളിക്കൂടത്തിന്റെ ഇത്തരം കൂടിച്ചേരലുകള്‍. വേറൊരു പുതുമ മലയാളത്തിലെ മുന്നിര എഴുത്തുകാരില്‍ ഒരാളായ ശ്രീ പെരുമ്പടവം ശ്രീധരന്റെ സാന്നിധ്യമാണ്‌. സൌദി അറേബ്യയില്‍ സാഹിത്യം ചര്‍ച്ചചെയ്യുന്നതും ആദ്യമായാണ്‌.  ആതിനായി സൌദി അറബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്നു. ദേശാടനപ്പക്ഷികള്‍ അവയുടെ പ്രജനന പ്രദേശങ്ങള്‍ അന്വേഷിച്ചെത്തുമ്പോലെ ഒരു കൂട്ടം സാഹിത്യ സ്നേഹികളുടെ ഒരു വാര്‍ഷിക സംഗമമാണ്‌ ഈ കൂടിചേരലുകള്‍. അവര്‍ സൌദിയുടെ വിവിധങ്ങളായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരാണ്‌. അവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്‌. ഉയര്‍ന്ന ഉദ്യോഗസ്ഥരും താഴ്ന്ന വരുമാനക്കാരും കച്ചവടക്കാരും വ്യത്യസ്ഥമായ വീക്ഷണമുള്ളവരുമുണ്ട്‌. അധ്യാപകരും വിദ്യാര്‍ഥികളുമുണ്ട്‌. അവരെല്ലാവരും പള്ളിക്കൂടത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ്‌.

പുറത്ത്‌ ഫെബ്രുവരി 23-ന്റെ തണുപ്പ്‌.

പള്ളിക്കൂടത്തിലെ വിദ്യാര്‍ഥിനിയും ടെലിവിഷന്‍ അവതാരകയുടെ വേഷം ഇടയ്ക്കൊക്കെ കൈകാര്യം ചെയ്യാറുള്ളയാളുമായ നന്ദിനി മൊഹനനായിരുന്നു. ശില്‍പശാലയുടെ അവതാരക. തുടര്‍ന്ന്‌ കൊച്ചു കുട്ടികളുടെ കേരളഗാനം ആരംഭിച്ചു. സ്വാഗത പ്രസംഗം തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പാണ്‌ മലയാള സഹിത്യത്തിലേ സുപ്രസിദ്ധനായ നിരൂപകന് ശ്രീ കൃഷ്ണന്‍ നായര്‍ നമ്മെ വിട്ടുപിരിഞ്ഞ വിവരം ലഭിക്കുന്നത്‌. പ്രോഫസര്‍ നിസാര് കാതുങ്ങല്‍ ശ്രീ കൃഷ്ണന്‍ നായര്‍ക്ക്‌ ആദരാഞ്ചലികള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ഒരുമിനുട്ട്‌ മൌന പ്രാര്‍ഥനയ്ക്കു ശേഷം ഷംസുദ്ദീന്‍ കായിപ്പുറം തന്റെ സ്വതസിദ്ധമായ ഒഴുക്കൊടെ സ്വാഗത പ്രസംഗം ആരംഭിച്ചു. പള്ളിക്കൂടത്തിന്റെ പ്രധാനാദ്യാപകന്‍ ശ്രീ. പീ. ജെ. ജെ ആന്റണി ആദ്യക്ഷം വഹിച്ചുകൊണ്ടു സംസാരിച്ചു. തുടര്‍ന്ന്‌. ഉത്ഘാടനത്തിന്‌ ശ്രീ പെരുമ്പടവം വേദികയിലേക്ക്‌ ആനയിക്കപ്പെട്ടു. പള്ളിക്കൂടത്തിന്റെ അയഞ്ഞ ഘടനയേയും അത്‌ സാധ്യമാക്കുന്ന തുറന്ന സംവാദന്തരീക്ഷത്തേയും അപൂര്‍വമായ സവിശേഷതയായി പ്രശംസിച്ചുകൊണ്ടാണ്‌ പെരുമ്പടവം ആരംഭിച്ചത്‌. മാനുഷികതയെ ഉന്നം വെച്ചുകൊണ്ടുള്ള വ്യത്യസ്ഥ ചിന്താ ധാരകളുടേയും ദര്‍ശനങ്ങളുടേയും മേളനമാണ്‌ എഴുത്തും വയനയും സൃഷ്ടിക്കേണ്ടതെന്നും അതിനാല് പള്ളിക്കൂടത്തിന്റെ സാംസക്കാരിക സ്വഭാവം ഗല്‍ഫിലെ എഴുത്തുകാര്‍ക്ക്‌ മാത്രമല്ല നട്ടിലേയും സഹിത്യ സംസ്കാരിക സംഘടനകള്‍ക്ക്‌ അനുകരണീയമായ മതൃകയാണെന്നും പെരുമ്പടവം പറഞ്ഞു. എഴുത്തുകാരനെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടേയോ മത-സമുദായ സംഘടനകളുടേയോ അനുയായിയോ പ്രചാരകനോ ആക്കാന്‍ പരിശ്രമിക്കുന്നവര്‍ എഴുത്തുകാരനും സഹിത്യകലയ്ക്കുതന്നെ വലിയ ദ്രോഹമാണ്‌ ചെയ്യുന്നതെന്നും ഇത്തരം ചതിക്കുഴികളെ തിരിച്ചറിഞ്ഞ്‌ അവയില്‍ നിന്നും എഴുത്തുകാര്‍ ഒഴിഞ്ഞുനിലക്കണമെന്നും സ്വന്തം നിലപാടിനെ വിശദീകരിച്ചുകൊണ്ട്‌ പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു. വിഭാഗീയതകള്‍ക്കും സങ്കുചിത സമീപനങ്ങള്‍ക്കുമെതിരെ മാനുഷികതയുടെ കാവലാളായിരിക്കുകയെന്നതാണ്‌ യതാര്‍ഥ എഴുത്തുകാരന്റെ ചുമതലയെന്നും പെരുമ്പടവം തുടര്‍ന്നു പറഞ്ഞു. സ്ഥാപനങ്ങളുടേയോ സംഘടനകളുറ്റേയോ രാഷ്ട്രീയ കക്ഷികളുടേയോ ഒത്താശ കൂടാതെ തന്നെ പ്രതിഭയുള്ളവര്‍ വൈകിയാണെങ്കിലും അംഗീകരിക്കപ്പെടുമെന്നതിന്റെ തെളിവാണ്‌ തന്റെ പുസ്തകങ്ങളുടെ പ്രചാരത്തില്‍ കാണുന്നതെന്നും വായനക്കാരന് പക്ഷഭേദങ്ങളില്ലെന്നും സ്വാനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ട്‌ മലയാള നോവലില്‍ നവീനങ്ങളായ ലവണ്യ ഗോപുരങ്ങള്‍ പണിത പെരുമ്പടവം സമര്‍തിച്ചു.

ആശംസാ പ്രസംഗത്തിനു മാദ്യമ പ്രധിനിതികളും മറ്റും ക്ഷണിക്കപ്പെട്ടു. ശ്രീ. പീ. ഇ. എം ഹാരിസ്‌ മലയാളം ന്യൂസിനു വേണ്ടിയും, ശ്രീ അലവി വര്‍ത്തമാനത്തിനു വേണ്ടിയും, ശ്രീ കെ. എം. ബഷീര്‍ മധ്യമത്തിനു വേണ്ടിയും, ശ്രീ എന്‍ യു ഹാഷിം പ്രവാസജാലകം പരിപാടിക്കു വേണ്ടിയും ശ്രീ വീ. ഇ. അബ്രഹാം കൈരളി/പീപ്പിള്‍ ടി.വിക്കു വേണ്ടിയും, ശ്രീമതി സറീനാ റിയാസുദ്ദീന്‍ പള്ളിക്കൂടത്തിനു വേണ്ടിയും ആശംസകളര്‍പ്പിച്ചു കൊണ്ടു സംസാരിച്ചു. തുടര്‍ന്ന് ചായക്കു വേണ്ടി പിരിഞ്ഞ അംഗങ്ങള്‍ പരസ്പരം പരിചയപ്പെടാന്‍ തുടങ്ങി.  എന്നല്‍ അധികപേര്‍ക്കും പരസ്പരം അറിയാമെന്നതിനാല്‍ ആദ്യത്തെ ക്യാമ്പിലേതുപോലെ അതൊരു ചടങ്ങായി മാറ്റിയില്ല.

പെരുമ്പടവത്തിന്റെ ചില രചനകളെ അധികരിച്ചു വായനാനുഭവം പങ്കുവെയ്ക്കുന്ന ചടങ്ങായിരുന്നു അടുത്തത്‌. ഓരു സകീര്‍ത്തനം പോലെ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച്‌ സീ. വീ ജോസാണ്‌ തുടങ്ങിയത്‌. ലോകോത്തര എഴുത്തുകാരില്‍ പ്രമുഖനായിരുന്ന ദസ്തേവിസ്കിയെ കഥപത്രമാക്കി ശ്രീ പെരുമ്പടവം എഴുതിയ സംകീര്‍ത്തനം പോലെ പലതുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയാണ്‌. ഒരെഴുത്തുകാരനെ മറ്റൊരു എഴുത്തുകാരന് കഥപത്രമാക്കുന്നത്‌ ലോക ചരിത്രത്തില്‍ തന്നെ വളരേ അപൂര്‍വമായ സംഭവമാണ്‌. ഈതൊരു വെല്ലുവിളി കൂടിയാണ്‌. കാരണം ചരിത്ര പുരുഷനായി ദസ്തേവിസ്കി നമുക്ക്‌ വളരേ പരിചിതനാണ്‌. ചരിത്രപുരുഷന്‍ എന്ന അവസ്ഥയ്ക്കു പകരം ഒരു കഥപാത്രം എന്നതിലേക്ക് അങ്ങനെ ഒരാളെ മാറ്റിത്തീര്‍ക്കുമ്പോള്‍ വേണ്ട ഭാഷാപരമായ കരുത്തും സൌന്ദര്യവും ആര്‍ജ്ജിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതിനുള്ള തെളിവാണ്‌ പുസ്തകത്തിന്റെ അഭൂത പൂര്‍വമായ ജനസമ്മിതി. വയനയില്‍ നിന്ന്‌ അകന്നുകൊണ്ടിരുന്ന വായനക്കാരെ തിരിച്ചു കൊണ്ടുവന്നു എന്ന ചരിത്രപരമായ ദൌത്യം കൂടി ഈ ഗ്രന്ഥം നിര്‍വഹിച്ചിട്ടുണ്ട്‌.

നാരായണം എന്ന നോവലിലെ വായനാനുഭവം പങ്കുവെച്ചുകൊണ്ട്‌ ശ്രീ ശ്രീനിവാസ്‌ അമരമ്പലം സംസാരിച്ചു. ശ്രീ നാരായണനെ പോലെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ നോവലിലെ കഥപാത്രമാക്കുമ്പോഴുള്ള വെല്ലുവിളി നോവലിസ്റ്റ്‌ ഭംഗിയായി ഏറ്റെടുത്തിട്ടുണ്ടെന്നും ചരിത്രപുരുഷനപ്പുറം മറ്റൊരു പച്ചയായ മനുഷ്യനെ കാണിച്ചു തരുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നും ശ്രീനി പറഞ്ഞു. അതിനാല്‍ തന്നെ നോവല്‍ വളരെ ഹൃദ്യമായിരുന്നു.

അരൂപിയുടെ മൂന്നാം പിറാവ്‌- ശ്രീ. പീ. ശിവപ്രസാദ്‌
പെരുമ്പടവത്തിന്റെ രചനകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോയ കൃതിയാണ്‌ അരൂപിയുടെ മൂന്നാം പിറാവ്‌ എന്ന അഭിപ്രായത്തോടെയാണ്‌ ശിവപ്രസാദ്‌ തുടങ്ങിയത്‌. മാനവലോകത്തിന്റെ മനോവേദനകളോട്‌ പക്ഷം ചേര്‍ന്നുകൊണ്ടുള്ള എഴുത്തുകാരന്റെ നിലപാടിന്‍ തിളക്കമാര്‍ന്ന ഒരു അടി വരയാണ്‌ ഈ കൃതി. ജീവിതത്തിന്റെ കയ്‌പ്പുകളെ രുചിയായി ആസ്വദിക്കുന്ന, ഒരു അവദൂതനെപോലെ ജീവിക്കുന്ന ഹൃദയത്തെ പൊതിഞ്ഞു ജീവിക്കാവാനാവാത്ത അന്ദ്രൂസ്‌ സേവിയര്‍ എന്ന കഥാ പത്രം.

അഭയം- ശ്രീമതി മേഴ്സി ജോസ്‌. കഥാകാരി രാജലക്ഷ്മിയുടെ ജീവിത കഥയുമായി സംയമുള്ള ഒരു രചന നേരത്തെ നിര്‍വഹിക്കാന്‍ കഴിഞ്ഞത്‌ സര്‍ഗ സൃടി നടത്തുന്നവര്‍ക്ക്‌ കാര്യങ്ങള് മുന്‍കൂട്ടിക്കാണാനുള്ള കഴിവുണ്ട്‌ എന്നതിനു തെളിവാണെന്ന്‌ ശ്രീമതി മേഴ്സി ജോസ്‌ അഭിപ്രായപ്പെട്ടു. സ്ത്രീ മനസ്സ്‌ പുരുഷനും ഭംഗിയായി അനാവരണം ചെയ്യാനാവുമെന്ന് അഭയം എന്ന നോവലിലൂടെ തെളിയിക്കാന്‍ പെരുമ്പടവത്തിനു കഴിഞ്ഞിട്ടുണ്ട്‌. ആതിനര്‍ത്ഥം പെണ്ണെഴുത്ത്‌ മുതലായ പ്രയോഗങ്ങളില്‍ വലിയ കഴമ്പില്ല എന്നതാണ്‌. തന്നെ ഈ നോവല് വളരേയധികം സ്വാധീനിച്ചിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞു.

ശംഖുമുദ്രയുള്ള വാള്‍- ശ്രീ പ്രഭാകരന്‍.
ഖേദത്തോടെ പറയട്ടെ ഇതൊരു വിമര്‍ശനമാണ്‌. മാനവപക്ഷത്തു നിന്ന് രചന നിര്‍വഹിക്കുക എന്ന കര്‍ത്തവ്യമാണ്‌ ഈ ആഗോളവത്‌ക്കരണത്തിന്റെ കാലത്ത്‌ എഴുത്തുകാരനു ചെയ്യാനുള്ളത്‌. ആത്തരം ചില സംഗതികളില്‍ ഈ നോവല്‍ ഒരു പരാജയമായിരുന്നു എന്നതാണ്‌ എന്റെ വായനാനുഭവം

വാള്‍മുനയില്‍ വെച്ച മനസ്സ്‌- സുബൈര്‍ തുഖ്ബ
സത്യസദ്ധമായി ചരിത്രത്തെ രേഖപ്പെടുത്തുക എന്ന മഹത്തായ കര്‍മ്മമാണ്‌ സാഹിത്യകാരന്‍ നിര്‍വഹിക്കുന്നത്‌. ആതും ചരിത്രത്തില്‍ ഇടം ലഭിക്കില്ല എന്നു കരുതുന്ന സധാരണക്കാരുടെ. ഒരേപോലുള്ള വൈകാരികാംശങ്ങള്‍ പെട്ടെന്നു സംവദിക്കപ്പെടുമെന്നും സൃഷ്‌ടിയിലുള്ള അനുഭവം തന്റേതണെന്ന് തിരിച്ചറിയുമ്പോള്‍ വായനക്കാരന്‌ രചനയുമായി കൂടുതല്‍ ആത്മബന്ധമുണ്ടാകും. ശത്രുഘ്നന്‍ നായര്‍ നമ്മിലൊരാളായി നമ്മോടു സംവദിക്കും. ആത്തരം ഒരു തോന്നലുണ്ടാക്കുന്നതില്‍ നോവലിസ്റ്റ്‌ വിജയിചിട്ടുണ്ടെങ്കിലും തന്റെ കൊതിപ്പിക്കുന്ന മന്ത്രിക ഭാഷയുടെ വശ്യതയോടെ ജനിച്ച "സങ്കീര്‍ത്തനം പോലേയുടെ" രണ്ടമത്തെ അനുജത്തിയായിട്ടും അത്രയ്ക്കു വശ്യത ഇവള്‍ക്കില്ല എന്നും സുബൈര്‍ തുഖബ കൂട്ടിച്ചേര്‍ത്തു.

പൊന്‍ പറകൊണ്ട്‌ സ്നേഹമളന്ന്. ശ്രീ. ജയകൃഷ്ണന്‍
മലയളെത്തിലെ ചെറുതും വലുതുമായ എഴുത്തുകാരുമായി സ്നേഹത്തിന്റെ ഭാഷയില്‍ തനിക്കുള്ള ബന്ധത്തെ വിശദീകരിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ഈ പുസ്ഥകത്തിലൂടെ ചെയ്യുന്നത്‌. പരസ്പരം പാരവെയ്കൂന്ന ഇന്നത്തെ കാലഘട്ടത്തില്‍ അതുകൊണ്ടുതന്നെ പ്രസക്തമായ പുസ്തകമാണിത്‌. ഏെതു വലിയ മനുഷ്യനിലെ നിഷ്കളങ്കനായ ഒരു കുട്ടിയുണ്ടെന്ന് ഈ ഗ്രന്ഥം നമുക്കു കാണിച്ചുതരുന്നു എന്നു പറഞ്ഞാണ്‌ ജയകൃഷ്ണന്‍ അവസാനിപ്പിച്ചത്‌.

സമയമേറെ വൈകിയിരുന്നു. സാഹിത്യത്തിന്റെ ഗതിവിഗതികളില്‍ ഞങ്ങളതൊന്നും അറിഞ്ഞതേയില്ല. തുടര്‍ന്ന് കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടം അതിന്റെ മുഴുവന്‍ ലാസ്യഭംഗിയോടെ വേദിയില്‍ ശാലിനീശശിധരന്‍ അവതരിപ്പിച്ചത്‌ സദസ്സ്‌ ഭംഗിയായി ആസ്വദിച്ചു. തുടര്‍ന്നു മലയളത്തിലെ കവിതകളുടെ നാള്‍ വഴികളിലൂടെ ഒരോട്ടപ്രദക്ഷിണം ചൊല്‍ക്കാഴയായി ശംസുദ്ദീന്‍ കായ്റ്റിപ്പുറം അവതരിപ്പിച്ചു. രംഗം മാറുന്നു. അടുത്തത്‌ ഹാസ്യ നാടകമാണ്‌. ശ്രീെ. എം. വെള്ളൂര്‍ രചിച്ചു കെ. പി. എ. സി അഷരഫിന്റെ സംവിധാനത്തില് അവതരിപ്പിക്കപ്പെട്ട "അക്ഷരം കൊണ്ടു കളിക്കരുത്‌" എന്ന നാടകത്തില്‍ ശ്രീ. മുകുന്ദന്‍ മേനൊന്‍ പ്രധാന വേഷമിട്ടു. ഷംസുദ്ദീന്‍ കായിപ്പുറം, ജയന്‍ തച്ചമ്പാറ, കെ. എം. രവി, കെ. പി. എ. സി അഷരഫ്‌, നരായണന്‍ എന്നിവരായിരുന്നു മറ്റ്‌ അഭിനേതാക്കള്‍. ഏഴുത്തുകാര്‍ക്ക്‌ റ്റൈറ്റിലുകള്‍ ഉണ്ടാക്കിക്കൊറ്റുക്കുന്ന സ്ഥാപനത്തിന്റെ കഥപറഞ്ഞ ഈ ആക്ഷേപഹാസ്യം ഉറക്കച്ചടവിനെ ചിരിയിലൂടെ കുടഞ്ഞു കളയുന്നതിന്‍ സദസ്സിനെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. സമയം ഏതാണ്ട്‌ രാത്രി ഒരു മണി വേദി ഉറക്കത്തിനായി ഒഴിയുകയാണ്‌.

രാവിലെ ശ്രീ പീ. ജെ. ജെ ആന്റനിയുടെ നോവലിന്റെ വികാസപരിണാമങ്ങള്‍ എന്ന പ്രഭാഷണത്തിലൂടെ സജീവമാകുകയാണ്‌. നോവല്‍ സാഹിത്യം പാശ്ചാത്യമാണ്‌. നവീനം എന്ന അര്‍ഥം തന്നെ അത്‌ തരതമ്മ്യേന പുതിയതാണെന്നും സൂചിപ്പിക്കുന്നു. ധാരാളം സങ്കേതങ്ങളിലൂടെ കടന്നു വന്നാണ്‌ നോവല്‍ സാഹിത്യം ഇന്നത്തെ രൂപമാര്‍ജ്ജിച്ചിട്ടുള്ളത്‌. അതുവരേയുണ്ടായിരുന്ന കാവ്യാന്തരീക്ഷത്തില്‍ നിന്നും സാഹിത്യത്തിന്റെ വ്യതിചലനമായിരുന്നു നോവല്‍. ഇത്‌ കെട്ടുകഥകള്‍ വികസിച്ചുണ്ടായതാണ്‌. നോവലില്‍ ജീവിത വീക്ഷണത്തിനാണു പ്രാധാന്യം. ആദ്യകാല നോവലുകള്‍ ദൈവികാസാഹിത്യവുമായി ബന്ധപ്പെട്ടവയായിരുന്നു. പിന്നീട്‌ നോവലില്‍ യുക്തിക്ക് പ്രാധാന്യം വരാന്‍ തുടങ്ങി. മലയാളത്തിലെ ആദ്യനോവലുകളില്‍ തന്നെ രണ്ടു തരത്തിലുള്ള ധാരകളെ നമുക്ക്‌ വേര്‍തിരിക്കാനാവും. ആവയിലൊന്ന് സമൂഹത്തിന്‌ പ്രാധാന്യം നല്‍കുന്നതും മറ്റൊന്ന് വ്യക്തിക്കു പ്രാധാന്യം നല്‍കുന്നതുമാണ്‌. ചന്ദുമേനോന് നോവലിനെ ഒരു സമൂഹ്യപര്യ പ്രേക്ഷ്യത്തില്‍ കണ്ടു. ആ സംബ്രദായത്തെ വികസിപ്പിച്ചായിരുന്നു തകഴി, കേശവദേവ്‌ തുടങ്ങിയവര്‍. സി. വിയുടെ നോവലുകള്‍ വയക്തിക ദുരന്തങ്ങളാണ്‌ അനാവരണം ചെയ്യാന്‍ ശ്രമിച്ചത്‌. ബഷീറിനെ അതിന്റെ വക്താവായാണ്‌ കാണാന്‍ സാധിക്കുക. മൌലികവും വ്യത്യസ്ഥ്വുമായ ഭാഷയില്‍ രചന നടത്തുന്നതില്‍ വി. കെ. എന്‍ വേറിട്ടു നില്‍ക്കുന്നു. ബോധദാരാ സംബ്രദായമാണ്‌ പോഞ്ഞിക്കര റാഫി തന്റെ സര്‍ഗ്ഗദൂതന്‍ എന്ന രചനയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്‌. വിലാസിനിയുടെ ഊഞ്ഞാല്‍, ചുണ്ടെലി തുടങ്ങിയ രചനകള്‍ ഈ ആഖ്യാനരീതിയിലാണെങ്കിലും പാറപ്പുറത്തിന്റെ അരനാഴികനേരം എന്ന നോവലിലാണ്‌ ബോധധാരാസങ്കേതം അതിന്റെ മികവു വെളിപ്പെടുത്തുന്നത്‌. ആഖ്യാന സമ്പൃധായം എന്ന നിലയില്‍ ബോധധാരാസമ്പൃധയത്തിന്റെ വികസിതമായ തുടര്‍ച്ചയാണ്‌ ഉത്തരാധുനിക നോവലുകളില്‍ കാണുന്ന ആത്മ ഭാഷണം. കൊച്ചുബാവയുടെ വൃദ്ധസദനം, എന്‍. പ്രഭാകരന്റെ അദൃശ്യവനങ്ങള്‍ തുടങ്ങിയവ ഉദാഹരണമായെടുക്കാം.


ആധുനിക ഘട്ടമാണ്‌ അടുത്തത്‌. സിവില്‍ സമൂഹത്തേക്കുറിച്ചുള്ള ബോധം രൂപപെടാന്‍ തുടങ്ങുകയും യുക്തിക്ക്‌ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ശാസ്ത്രം അതിനു കൂറ്റുതല്‍ പിന്‍ ബല മേകുകയും ചെയ്ത കാലഘട്ടത്തിലാണ്‌ ആധുനികത്‌ രംഗപ്രവേശം ചെയ്യുന്നത്‌. സാമൂഹ്യ പരതയെ നിരാകരിക്കുകയും വ്യക്തിയുടെ ആന്തരിക പരത വികസിപ്പിക്കുകയും ചൈത ആധുനികത വൈയക്തിക ബിംബങ്ങളാണ്‌ അവതരിപ്പിച്ചത്‌. ആതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും ആധുനികത അകന്നുപോയി. യൌവനക്കാരും. ഈത്തരമൊരു ഘട്ടത്തിലാണ്‌ പെരുമ്പടവത്തിന്റെ സംകീര്‍ത്തനം എന്ന കൃതി വായനക്കാരെ തിരിച്ചുവിളിക്കുന്നത്‌. നമ്മുടെ വിമര്‍ശകരുടെ അളവുകോല്‍ വെച്ച്‌ ഇതുവരെ അളന്നെടുക്കാന്‍ സാധിച്ചിട്ടില്ലാത്ത എഴുത്തുകാരന്‍ കൂടിയാണ്‌ അദ്ദേഹം. ആധുനികതയുടെ ഭാഷയേ വിജയന്‍ നവീകരിച്ച്‌. അദ്ദേഹത്തിന്‌ ചലനമുണ്ടായി. മ്മുകുന്ദന്‍ കാക്കനാടന് തുടങ്ങിയവര്‍ ചലനമില്ലാത്തവരായി. ഊത്തരാധുനികത സാഹിത്യപരമായത്‌ മാത്രമല്ല. മാധ്യമങ്ങളുടെ ബാഹുല്യം നിമിത്തം രചനകള്‍ക്ക്‌ ആഴം നഷ്ടപ്പെടുകയും പരപ്പു വര്‍ദ്ധിക്കുകയും ചെയ്തു എന്നതൊരു പ്രശ്നമാണ്‌. ഊത്തരാധുനികത സത്യത്തില് വ്യക്തമായി രൂപം കൊള്ളുന്നത്‌ ടി. വി കൊച്ചു ബാവയിലാണ്‌.

മലയാളനോവലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം രണ്ട്‌ വ്യതിരിക്തധാരകള്‍ തുടക്കം മുതല്‍ കാണപ്പെടുന്നുണ്ട്‌. ചന്തുമേനോന്‍ തുടങ്ങിവെച്ച സാമൂഹികപരിഷ്കരണത്തിന്റെയും സി.വി രാമന്‍ പിള്ളയില്‍ ആരംഭിച്ച്‌ ദുരന്ത ഭോധത്തിന്റേയും ധാരകള്‍. ഈതില് ദുരന്തബോധമാണ്‌ പിന്നീടു മേലകി നേടിയത്‌. മലയാള നോവലിന്റെ നടുത്തളങ്ങള് പരാജിതരുടേയും ദുരന്തങ്ങള്‍ പേറുന്നവരുടേയും ആഖ്യാനങ്ങളാല് നിറഞ്ഞുതൂവുന്നതാവുന്നത്‌ അങ്ങിനേയാണെന്ന് പി. ജെ. ജെ ആന്റണി നിരവധി ഉദാഹരണങ്ങളുടെ പിന്‍ബലത്തോടെ ചൂണ്ടിക്കാണിച്ചു.

ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം തരുന്നതോടൊപ്പൊം നിരവധി ചോദ്യങ്ങളെ ഉയര്‍ത്തുകയും ചെയ്തുകൊണ്ടാണ്‌ ശ്രീ. പീ. ജെ. ജെ ആന്റണി നിര്‍ത്തിയത്‌. അത്തരം ചോദ്യങ്ങള്‍ ഒരു ചര്‍ച്ചാ രൂപത്തിലവതരിപ്പിക്കുകയായിരുന്നു പിന്നീട്‌. ഇതിനായി മൊത്തം അങ്ങങ്ങള് മൂന്നു ഗ്രൂപ്പായി തിരിഞ്ഞു. ഒരു വിഭാഗം ശ്രീ സുരേഷ്‌ പരുമലയുടെ നേതൃത്വത്തിലും ഗണ്ടാമത്തെ വിഭാഗം കെ. എല്‍ തോമസിന്റെ നേതൃത്വത്തിലും മൂന്നാമത്തെ വിഭാഗം സുബൈര് തുഖ്ബയുടെ നേതൃത്വത്തിലും ചൂടേറിയ ചര്‍ച്ചകള്‍ നടത്തി. കേരളീയ സമൂഹത്തിന്റെ വികാസപരിണാമങ്ങളും മലയാള നോവലിന്റെ വികാസപരിണാമങ്ങളൂം തമ്മില്‍ വലിയ ബന്ധമുണ്ട്‌. ആധുനികതയുടെ കാലത്ത്‌ ഇതിന്‌ ഭംഗം വന്നുവെന്ന് പറയുന്നത്‌ പൂര്‍ണ്ണമായി ശരിയല്ല. സാഹിത്യകലയ്ക്ക്‌ ഒരിക്കലും ജീവിതവുമായി വേറിട്ട്‌ നിലനില്‍ക്കുക സാദ്ധ്യമല്ല. ആധുനികതയും നമ്മുടെ സമൂഹത്തില്‍ വന്നുഭവിച്ച ആശാസ്യവും അനാശാസ്യവുമായി ചില സവിശേഷതകളെത്തന്നെയാണ്‌ ആവിഷ്ക്കരിച്ചത്‌ എന്ന് സുരേഷ്‌ പരുമലയുടെ നേതൃത്വത്തില് നടന്ന ചര്‍ച്ചകള്‍ വിലയിരുത്തി. രഘുനാഥ്‌ ത്രാങ്ങാലി നയിച്ച രണ്ടാം ഗ്രൂപ്പ്‌ എല്ലാവിധ സാഹിത്യരൂപങ്ങളും സാമൂഹികോല്‍പന്നങ്ങളാണന്നും സമൂഹിക പ്രസക്തിയാണ്‌ ഒരു രചനയുടെ ഏറ്റവും വലിയ അളവുകോലെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള മാറ്റവും സാമൂഹികനീതിയെക്കുറിച്ച്‌ മാറിവന്ന പുതിയ ആശയങ്ങളും ഗദ്യത്തിന്റെ വികാസത്തിനും അതുവഴി നോവലിന്റെ പിറവിക്കും കാരണമായി എന്ന് കരുതുന്നത്‌ യുക്തിസഹജമാണ്‌ കരുതാമെന്നും അഭിപ്രായപ്പെട്ടു. മൂന്നാം ഗ്രൂപ്പുകാര്‍ ചര്‍ച്ച ചെയ്തത്‌ ആധുനികത സമൂഹവുമായി പൊരുത്തപ്പെറ്റുന്നതില്‍ പരാചയപ്പെട്ടു എന്ന പ്രസ്ഥാവനയോടു എത്ത്രമാത്രം യോജിക്കാനാവും എന്ന വിഷയമായിരുന്നു. ഈ ചര്‍ച്ചയുടെ ആകെത്തുക വേദിയില്‍ അവതരിപ്പിച്ച സുബൈര്‍ തുഖ്ബ തങ്ങളുടെ ഗ്രൂപ്പിലുയര്‍ന്നുവന്ന മൂന്നുതരം കാഴ്ച്ചപ്പാടുകളെ അവതരിപ്പിച്ചു. ആവയിലൊന്ന്‌ ഇടതുപക്ഷ പര്യപ്രേക്ഷ്യത്തില്‍ സാഹിത്യങ്ങളെ നോക്കിക്കാണുന്നവയും വേറൊരെണ്ണം ലാവണ്യപക്ഷത്തില്‍ മാത്രം ഊന്നി നിന്നു കൊണ്ടുള്ളതു മായിരുന്നു. മൂന്നമതൊരെണ്ണം സങ്കേതങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നവയുമായിരുന്നു. ഭൂരിഭാഗം പേരും മേല്‍പ്പറഞ്ഞ പ്രസ്താവനയോടു യോജിച്ചില്ല. പൊതു ചര്‍ച്ചയ്ക്കു റിയാദില്‍ നിന്നെത്തിയ സുനില്‍കുമാര്‍ നേതൃത്വം നല്‍കി. പിന്നീടു പള്ളിക്കൂടം നടത്തിയ കഥാപുരസ്കാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട മികച്ച മൂന്നു കഥകള്‍ക്ക്‌ പെരുമ്പടവം ഉപഹാരം നല്‍കി. ആവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ജോസഫ്‌ തെരുവന്‍, ഫൈസല്‍, ശ്രീകുമാര്‍ കല്ലേലിഭാഗം എന്നിവര്‍ ഏറ്റുവാങ്ങി. ശ്രീ. ശിവപ്രസാദ്‌, ജോസെഫ് അതിരുങ്കല്‍ തുടങ്ങിയവര്‍ പ്രൊത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായി.

തുടര്‍ന്നു നോവലിന്റെ രചനാരഹസ്യങ്ങളേപറ്റി പെരുമ്പടവം പറഞ്ഞു തുടങ്ങി. മ്മനുഷ്യന്റെ സങ്കടങ്ങളാണ്‌ ഞാന്‍ കോറിയിടാന്‍ ശ്രമിക്കുന്നത്‌. അതിനപ്പുറമുള്ള രഹസ്യങ്ങളേപറ്റി തനിക്കറിഞ്ഞുകൂടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക്‌ പ്രമുഖരായ എല്ലാ മഹന്മാരോടും ബഹുമാനമാണെന്നും അതിനാലാണ്‌ അവരെ കഥാപാത്രമാകുന്നതെന്നും പെരുമ്പടവം കൂട്ടിച്ചേര്‍തു. ചരിത്രത്തിനപ്പുറമുള്ള പച്ചയായ മനുഷ്യരെ, അവരനുഭവിച്ചിരിക്കാവുന്ന വേദനകളെ ഭാവനയില്‍ കണ്ട്‌ രചന നിര്‍വഹിക്കുക എന്ന ശ്രമകരമായ പണിയാണത്‌. തുടര്‍ന്ന്‌ ക്യാമ്പംഗങ്ങളുടെ ചോദ്യ ങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി പറഞ്ഞു.

ക്യാമ്പ്‌ അതിന്റെ അവസാന ചടങ്ങുകളിലേക്ക്‌ നീങ്ങുകയാണ്‌. ക്യാമ്പിനെ പറ്റിയുള്ള വിലയിരുത്തലുകള്‍ പല അംഗങ്ങളും നടത്തി. അടുത്ത വര്‍ഷത്തേക്കുള്ള ചില നിര്‍ദ്ദേഷങ്ങളും മുന്നൊട്ടുവെയ്ക്കുകയുണ്ടായി. ശ്രീെ. പി. ശിവപ്രസാദിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ക്ക്‌ ഔപചാരികമായി സമാപനമായി. വിട്ടുപോയ ഒന്നു രണ്ടുകാര്യങ്ങള്‍ ഇവിടെ അനുസ്മരിക്കേണ്ടിയിരിക്കുന്നു. മുങ്കാലത്തൊന്നും ഇല്ലാത്തവിധം പള്ളിക്കൂടത്തിന്റെ ആദ്യാവസാന രംഗങ്ങള്‍ ഭൂരിഭാഗവും ക്യാമറയില് പകര്‍ത്തപ്പെട്ടിട്ടുണ്ട്‌. കൂടാതെ നിശ്ചല ചിത്രങ്ങളുമുണ്ട്‌. കാലം കഴിഞ്ഞാലും മാഞ്ഞു പോകാത്ത ഓര്‍മയുടെ തിരുശേഷിപ്പുകളായി അവയെ ശേഖരിച്ചു വെയ്ക്കുന്നതില്‍ ശ്രീ ശശി പണിക്കരും, ശ്രീ തോമസും, ശ്രീ സുനില്‍കുമാരും മറ്റും നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തെ എടുത്തുപറയട്ടെ. ഫെബ്രുവരി 24 വൈകുന്നേരമാണിന്ന്. പുറത്ത്‌ തണുപ്പും ഇന്നലത്തേപോലെ തന്നെ. ദേശടനപക്ഷികള്‍ തിരിച്ചുപോക്കിന്റെ കലപില കൂട്ടുകയാണ്‌ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്തികളുടെ മനസികാവസ്ഥയാണവര്‍ക്ക്‌. അടുത്തവര്‍ഷം വീണ്ടും കൂടാമെന്ന ശുഭപ്തി വിശ്വാസത്തൊടെ പള്ളിക്കൂടം രംഗപടമഴിക്കുകയാണ്‌.

സുബൈര്‍ തുഖ്ബ