|
പെരുമ്പടവം ശ്രീധരനുമായി ഒരു കൂടിക്കാഴ്ച്ചക്ക് ഞാന്‍ ചെന്നപ്പോള്‍, തലേന്ന്
രാത്രി ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് വൈകി എത്തിയതിന്റെ ആലസ്യത്തിലായിരുന്നു
അദ്ദേഹം. ഒരു കൂടിക്കാഴ്ച്ചയ്ക്കാണ് വന്നത് എന്ന ഉദ്ദേശം വെളിപ്പെടുത്തിയപ്പോള്
"ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണേ" എന്നൊരു അപേക്ഷയായിരുന്നു മറുപടി.
മഹാനായ ആ സാഹിത്യകാരന്റെ എളിമകലര്‍ന്ന വാക്കുകള്‍ എന്നില്‍ അത്ഭുതം സൃഷ്ടിച്ചു.
നമ്മുടെ സാഹിത്യചരിത്രത്തില്‍ ഏറ്റവും അധികം കോപ്പികള്‍ വിറ്റുതീര്‍ന്ന "ഒരു
സങ്കീര്‍ത്തനം പോലെ"യുടെ കര്‍ത്താവ്, മലയാളിയുടെ മരിക്കുന്നവായനാശീലത്തെ ഈ ഒരൊറ്റ
കൃതിയിലൂടെ തിരിച്ചുപിടിച്ച ഭാഷാസ്നേഹി, വാക്കിലും നോക്കിലും നിറഞ്ഞുനില്‍ക്കുന്ന
തലയെടുപ്പ്, ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ മുഖം നോക്കാതെ തുറന്നുപറയാന്‍ ധൈര്യം
കാണിക്കുന്ന തന്റേടി. ഇതൊക്കെ പെരുമ്പടവത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു
നിര്‍ത്തുന്നു.

ചോദ്യം: എഴുത്തിന്റെ ലോകത്തിലേക്ക് എത്തിച്ചേരാന്‍ എന്തായിരുന്നു പ്രചോദനം?
ഉത്തരം: പ്രചോദനം ചങ്ങമ്പുഴ,വള്ളത്തോള്‍ എന്നിവരുടെ കവിതകളായിരുന്നു. അവരെ
അനുകരിച്ച്, കവിതകള്‍ എഴുതുന്ന ശീലമായിരുന്നു കുട്ടിക്കാലത്ത്. കുറച്ച്
കവിതകള്‍, പല വ്യത്യസ്ത പേരുകളിലും അന്ന് എഴുതീട്ടുണ്ട്. സ്വന്തം ജീവിതത്തിലെ
നീറുന്ന അനുഭവങ്ങളെ മറ്റുള്ളവര്‍ മനസിലാക്കരുത് എന്നാഗ്രഹിച്ച് വ്യത്യസ്ത
പേരുകള്‍ സ്വീകരിച്ചു.
ചോദ്യം: നീറുന്ന അനുഭവങ്ങള്‍, ഒന്ന് വിശദീകരിക്കാമോ?
ഉത്തരം:എന്നുവച്ചാല്‍, ഞാന്‍ ഉദ്ദേശിച്ചത് ഒരു സംഭവത്തെ അല്ല. ഞാന്‍ ജനിച്ചു
ജീവിച്ച പരിതസ്ഥിതികളെയാണ്. ഭക്ഷണത്തിനും ഉടുതുണിക്കും ഒക്കെ കഷ്ടപ്പെട്ടകാലം.
മറ്റുള്ള സമപ്രായക്കാരില്‍ നിന്നും ഒക്കെ മാറി, ഒറ്റക്ക് കവിതയില്‍ സുഖം
കണ്ടെത്തി. ആ അനുഭവങ്ങളെയാണ് കവിതയില്‍ ചാലിച്ചത്.
ചോദ്യം: കവിതയില്‍ നിന്ന് കഥയിലേക്ക് തിരിഞ്ഞത്?
ഉത്തരം: വായന. തുടര്‍ച്ചയായുള്ള വായന. കവിയാകാനായിരുന്നു ആദ്യം മോഹം. എങ്കിലും
കുറെകഥകള്‍ വായിച്ചപ്പോള്‍ സ്വയം എഴുതാന്‍ കഴിയും എന്ന് ഒരു തോന്നല്‍. ആ തോന്നല്
യാഥാര്‍ഥ്യമായത് പതിനേഴാമത്തെ വയസ്സില്‍ എന്റെ കഥയ്ക്ക് ജനയുഗം വാരികയില്
മഷിപുരണ്ടപ്പോഴാണ്. ആശിച്ച ജീവിതം ലഭിക്കാതെ പോകുന്ന ഒരു ബാലനെക്കുറിച്ചായിരുന്നു
ആ കഥ. കഥയുടെ പേര് ഓര്‍മ്മയില്ല. കഥയിലെ സംഭവങ്ങള്‍. സ്വന്തം ജീവിതത്തിലെ ചില
പേജുകള്‍ എന്നുവേണമെങ്കില്‍ പറയാം.
ചോദ്യം: ആദ്യമായി കഥക്ക് പ്രതിഫലം കിട്ടിയത് ഏതിനായിരുന്നു?
ഉത്തരം: "ആയില്ല്യം" എന്ന കഥയാണ്. ജനയുഗം വാരികയില്‍നിന്ന്. എന്റെ ഗ്രാമത്തിലെ
ഒരു
പുരാതന കുടുംബത്തിന്റെ ആചാരങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ ആ കഥ എഴുതിയത്.
പെരുമ്പടവത്തെ എന്റെ വീട്ടില്‍വച്ച് ഒരു മഴപെയ്യുന്ന സമയത്താണ് ആ കഥ എഴുതിയതും.
ചോദ്യം: മഴക്കും, താങ്കള്‍ക്കും ഒരു നല്ല ബന്ധം ഉണ്ടെന്ന് തോന്നുന്നു.
ഉത്തരം: (ഒരു പൊട്ടിച്ചിരിയോടെ) തീര്‍ച്ചയായും. മഴ മണ്ണിനെ മനസ്സിനെ
തണുപ്പിക്കുന്നു. തണുപ്പ് സ്നേഹത്തിന്റേയും ശാന്തിയുടേയും പ്രതീകമായി ഞാന്
കാണുന്നു. ഞാന്‍ റോമില്‍ ചെന്നിറങ്ങുമ്പോള്‍ മഴ പെറിയുകയായിരുന്നു. സൌദിയില്
വന്ന് ഇറങ്ങുമ്പോഴും മഴപെയ്യുകയായിരുന്നു. ആദ്യകഥ "ആയില്ല്യം" എഴുതിയതും
പെരുമ്പടവത്തെ എന്റെ വീട്ടില്‍ ഒരു മഴ പെയ്യുന്ന രാത്രിയിലാണ്.
ഒരു സങ്കീര്‍ത്തനം പോലെ നോവലിന്റെ അവസാനഭാഗങ്ങള്‍ എഴുതിയതും പെരുമ്പടവത്തെ
വീട്ടില്‍ വച്ചാണ്. അതും ഒരു മഴപെയ്യുന്ന രാത്രിയില്‍. കോട്ടയം, തൃശ്ശൂര്‍,
തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ ഇരുന്ന് ഞാന്‍ സങ്കീര്‍ത്തനത്തിന്റെ
അദ്ധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷെ എവിടെയും ഒരു സ്വസ്ഥത കിട്ടിയിരുന്നില്ല.
ഒടുവില്‍ പെരുമ്പടവത്തെ എന്റെ വീട്ടില്‍ എത്തിയാണ് അവസാനത്തെ അദ്ധ്യായങ്ങള്‍ എഴുതി
തീര്‍ത്തത്. നോവലിന്റെ അവസാനത്തെ വരി എഴുതുമ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. ആ
മഴയുടെ ശബ്ദം ഇന്നും എന്റെ കാതില്‍ ഉണ്ട്. ആത്മാവിന് തീ പിടിച്ച് കത്തുന്ന
വേദനയായിരുന്നു അവസാനത്തെ അദ്ധ്യായം എഴുതുമ്പോള്‍. എല്ലാം എഴുതിക്കഴിഞ്ഞപ്പോള്
ഞാന്‍ പൊട്ടിക്കരഞ്ഞു. എന്നില്‍ ഒന്നും ശേഷിച്ചിരുന്നില്ല. പൊള്ളയായ വെറും ഒരു
മനുഷ്യന്‍ എന്ന തോന്നല്‍ മാത്രം.
ചോദ്യം: താങ്കളുടേത് ഒരു മിശ്രവിവാഹകുടുംബമാണ് എന്ന് കേട്ടിട്ടുണ്ട്.
അതിനെക്കുറിച്ച്...
ഉത്തരം: (ചിരിക്കുന്നു) എന്റേത് മിശ്രവിവാഹമാണ്. നാലുമക്കളില്‍ രണ്ട് പെണ്മക്കളും
അതെ ഗണത്തില്‍തന്നെ.
ചോദ്യം: മിശ്രവിവാഹത്തിന്റെ പേരില്‍ താങ്കള്‍ക്ക് നിത്യജീവിതത്തില്‍ പ്രയാസങ്ങള്‍
വല്ലതും...
ഉത്തരം: ഇല്ല ഒരിക്കലും ഇല്ല. എല്ലാ മനുഷ്യനിലും ജീവിതത്തില്‍ സുഖവും ദുഃഖവും
ഉണ്ട്. അതില്‍ക്കൂടുതല്‍ ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ജാതി, മതങ്ങളില്
വിശ്വസിക്കുന്നില്ല. മനുഷ്യനെല്ലാം ഒന്ന് എന്ന ഗുരുദേവന്റെ വചനങ്ങളാണ് എന്റെ
വീക്ഷണം.
ചോദ്യം: രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം എന്താണ്?
ഉത്തരം: ഇപ്പോഴത്തെ രാഷ്ട്രീയ കൂട്ടുകെട്ടില്‍ എനിക്ക് വിശ്വാസമില്ല. ആകെ രണ്ടുതവണ
മാത്രമെ വോട്ടുചെയ്തിട്ടുള്ളൂ. വി.കെ കൃഷ്ണമേനോനും എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും
വേണ്ടി. പി.കെ.വാസുദേവന്‍ നായരോട് എനിക്ക് നല്ല ആദരവാണ്. ബഹുമാനമാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ കൂട്ടുകെട്ട് ഒക്കെ സ്ഥാനമാനങ്ങള്‍ മോഹിച്ചാണ് എനിക്ക്
അത് ആവശ്യമില്ല. അക്കാര്യത്തില്‍ ഞാന്‍ ഒരു നിഷേധിയാണ്.
ചോദ്യം: പൊതുസമ്പര്‍ക്കം താങ്കള്‍ക്ക് കുറവാണ് എന്ന് കേള്‍ക്കാറുണ്ട്. അങ്ങിന
ഒരു അഭിപ്രായം വരാന്‍ എന്താ കാരണം?
ഉത്തരം: ശരിയാണ്. പൊതുസമ്പര്‍ക്കം എനിക്ക് കുറവാണ്. ഞാന്‍ എന്റെ സ്വന്തം
ലോകത്തില്‍ കഴിയുന്നു. തിരുവനന്തപുരത്ത് ജീവിക്കുന്നതിനാല്‍ പൊതുസമ്പര്‍ക്കം
കുറക്കുകയാണ്. അല്ലെങ്കില്‍ ദിവസവും സമ്മേളനവും ഉദ്ഘാടനവുമായി മാറും ജീവിതം. ഞാന്
ചിലപ്പോള്‍ ഞാന്‍ അല്ലാതാവും. പിന്നെ, ചെറുപ്പത്തില്‍ ഒറ്റക്ക്
ജീവിച്ചതുകൊണ്ടാകായിരിക്കണം, ഇപ്പോഴും ഒറ്റക്ക്, എന്റെ ലോകത്തില്‍ കഴിയാനാണ്
ഇഷ്ടം.
ചോദ്യം: രചനക്ക് പ്രത്യേക സമയം കണ്ടെത്താറുണ്ടോ?
ഉത്തരം: രചന ആഫീസില്‍പോകുന്നതുപോലെ ഇരുന്ന് എഴുതാന്‍ പറ്റുന്നതല്ല. ഒരു
വെളിപാടിന്റെ നിമിഷങ്ങളാണവ. ഒരു ഒഴുക്ക്. എന്താ പറയുക? ഒരു ഭ്രാന്ത്.. ആ
ഭ്രാന്ത് പിടിച്ചാല്‍ എനിക്ക് സ്വബോധം ഇല്ല. ഞാന്‍ ഞാനല്ലാതെയായി തീരും. ഏതോ ഒരു
അദൃശ്യസക്തിക്ക് കീഴ്പ്പെടുന്ന പോലെ അപ്പോഴാണ് എഴുത്തു തുടങ്ങുക.
ചോദ്യം: പ്രവാസി സാഹിത്യത്തെക്കുറിച്ചെന്താണ് അഭിപ്രായം?
ഉത്തരം: പ്രവാസി സാഹിത്യത്തോട് എനിക്ക് ആദരവ് ഉണ്ട്. വളരെയധികം ക്ലേശങ്ങള്‍
സഹിച്ച്, ജീവിക്കുന്ന ഈ തിരക്കിന്റെ ഇടയിലും, ഇടക്കിടെ കാണുന്ന പ്രവാസി രചനകള്
മനസ്സിന് ആഹ്ലാദം തരാറുണ്ട്.
ചോദ്യം: പ്രവാസികള്‍ക്ക് വോട്ടവകാശത്തെപ്പറ്റി എന്തുപറയുന്നു?
ഉത്തരം: വളരെ മുന്‍പ് സര്‍ക്കാര്‍ അവര്‍ക്ക് ആ അവകാശം കൊടുക്കേണ്ടതായിരുന്നു.
മലയാളികള്‍ ഇവിടെ വിയര്‍പ്പ് ഒഴുക്കുന്നതുകൊണ്ടാണ് കേരളം സുഖമായി കഴിയുന്നത്
എന്ന് എനിക്ക് തോന്നുന്നു.
ചോദ്യം: പ്രശസ്തിയുടെ ഈ കൊടുമുടിയില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ്
തോന്നുന്നത്?
ഉത്തരം: ജീവിതം തുടങ്ങിയത് ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു. പെരുമ്പടവത്തെ
അന്നത്തെ ഏറ്റവും പാവപ്പെട്ട കുടുംബം എന്ന് വേണമെങ്കില്‍ പറയാം. അവിടെയാണ്
തുടക്കം. ഇപ്പോള്‍ കിട്ടിയതുവരെയുള്ളത് എല്ലാം നേട്ടം. വായനക്കാരുടെ സ്നേഹം,
അപാരമായ സ്നേഹം. അതാണ് എന്റെ മൂലധനം. തിരിഞ്ഞു നോക്കുമ്പോള്‍ കടപ്പാട് അവരോട്
മാത്രം. അവരാണ് എന്നെ ഞാനാക്കിയതും, എന്റെ ശക്തിയും (രണ്ടു കൈയ്യും കൂപ്പി
കണ്ണടച്ച് ആദരവ് പ്രകടിപ്പിക്കുന്നു).
ചോദ്യം: സാഹിത്യത്തെ പെണ്ണെഴുത്ത്, പ്രവാസി എഴുത്ത്, ദളിത് സാഹിത്യം എന്നൊക്കെ
വേര്‍തിരിച്ചു കാണിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉത്തരം: ഒരു സ്ത്രീക്ക് അവളുടെ കാര്യത്തെക്കുറിച്ച് വ്യക്തമായി എഴുതാന്‍ കഴിയും.
അനുഭവമാണ് ഓരോ രചനയുടേയും പുറകില്‍. അനുഭവങ്ങളെ സങ്കല്‍പ്പിച്ച് എഴുതിയാല്
അതിന് ജീവന്‍ ഉണ്ടാവില്ല. സ്ത്രീയും ദളിതും പ്രവാസിയും ഒക്കെ
അനുഭവങ്ങളില്‍ക്കൂടിയാണ് രചനകള്‍ നെയ്യുന്നത്. പക്ഷെ ആ സാഹിത്യ തിരിവിന് ഞാന്
എതിരാണ്.
ചോദ്യം: താങ്കളുടെ ഏറ്റവും നല്ല രചന എന്ന് താങ്കള്‍ക്ക് തോന്നിയത്?
ഉത്തരം: ബുദ്ധിമുട്ടിയ്ക്കുന്ന ചോദ്യമാണിത്. എങ്കിലും ഒരു സങ്കീര്‍ത്തനം പോലെ
എഴുതാന്‍ കുറെ പേറ്റ് നോവ് അനുഭവിച്ചിട്ടുണ്ട്.
ചോദ്യം: സൌദിയിലെ ആദ്യത്തെ രണ്ടുദിവസം "പള്ളിക്കൂട"ത്തിന്റെ സാഹിത്യ
ശില്‍പശാലയിലായിരുനു ല്ലോ. പള്ളിക്കൂടത്തെ പറ്റി എന്താണ് അഭിപ്രായം?
ഉത്തരം: എഴുത്തുകാരും വായനക്കാരും സഹൃദയരും കൂടെ നടത്തുന്ന ഒരു സാഹിത്യചര്‍ച്ച. പല
ഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം ഒരു കൂട്ടായ്മ
ആദ്യമായിട്ടാണ് കാണുന്നത്. മിക്ക മലയാളി സംഘടനകളും പ്രവാസിപ്രശ്നങ്ങള്‍,
ജീവകാരുണ്യ പ്രശ്നങ്ങള്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്നതായി കണ്ടു. ഈ മണ്ണിലെ
ഓരോ മലയാളിയോടും എനിക്ക് പറയാനുള്ളത് "നിങ്ങളുടെ ഈ ഒരുമ എന്നെന്നും നില
നില്‍ക്കട്ടെ" എന്നാണ്.
അഭുിമുഖം അവസാനിപ്പിച്ചു ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ പുറത്തെ ആകാശത്തിന് കനം
വെക്കുന്നത് ബാല്‍ക്കണിയിലൂടെ കണ്ടു. മനസ്സ് നിറയെ പെരുമ്പടവം എന്ന
അനുഭവമായിരുന്നു. നിറകുടം തുളുമ്പുകയില്ല എന്ന പഴഞ്ചൊല്ല് സാര്‍ഥകമാക്കുന്ന
ഒരെഴുത്തുകാരനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടി. ആരാധനാപാത്രങ്ങളായ എഴുത്തുകാരെ
അടുത്തറിയാന്‍ ശ്രമിക്കരുതെന്നും അത് ഉള്ളിലെ ധാരണകള്‍ക്ക് മങ്ങല്
ഏല്‍പ്പിക്കുമെന്നും പലരും എഴുതി കണ്ടിട്ടുണ്ട്. എന്റെ പെരുമ്പടവം അനുഭവം
മറിച്ചായിരുന്നു. യഥാര്‍ഥഗിരിശിഖിരങ്ങള്‍ അടുത്തായാലും അകലെയായാലും അവയുടെ ഔന്നത്യം
ഒരു പോലെ അനുഭവപ്പെടുന്നു.
പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ജുബൈല്‍ നഗരം മഴയില്‍ നനയാന്‍ തുടങ്ങി.
കെ.എം. രവി, ജുബൈല്‍
ravidwi@hotmail.com
|